ഹരിപ്പാട്:നങ്ങ്യാർകുളങ്ങര 726-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൽ വ്യാജരേഖ ചമച്ച് 90 ലക്ഷം രൂപ തട്ടിയെടുത്തതായി ആഭ്യന്തരമന്ത്രിക്ക് പരാതി. കരയോഗം അംഗമായ പള്ളിപ്പാട് സ്വദേശി പ്രഭാത് ജി. പണിക്കരാണ് അന്നത്തെ പ്രസിഡന്റ്, താത്കാലിക സെക്രട്ടറി, യൂണിയൻ പ്രതിനിധി എന്നിവർക്കെതിരേ പരാതി നൽകിയത്.
ദേശീയപാത വികസനത്തിന് കരയോഗത്തിന്റെ വസ്തു വിട്ടുനൽകിയ വകയിൽ ബാങ്കിൽ ലഭിച്ച ഒരു കോടിയോളം രൂപയിൽ നിന്നാണ് ക്രമക്കേട് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. 2022 സെപ്റ്റംബറിൽ അന്തരിച്ച അന്നത്തെ സെക്രട്ടറി ശ്രീകുമാറിന്റെ ഒപ്പ് വ്യാജമായി ചെക്കിൽ രേഖപ്പെടുത്തി തുക പ്രസിഡന്റിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആക്ഷേപം.
സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി താലൂക്ക് യൂണിയൻ ഓഫീസിൽ അക്രമം നടത്തിയതിന് പ്രതികൾക്കെതിരേ ഹരിപ്പാട് പോലീസ് മുൻപ് കേസെടുത്തിരുന്നതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പ്രധാന തട്ടിപ്പിൽ പ്രാദേശിക പോലീസ് നടപടിയെടുക്കാത്തതിനെത്തുടർന്നാണ് ആഭ്യന്തരമന്ത്രിയെ സമീപിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കി.